സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഡിവൈഎഫ്ഐ നേതാവ് ശരത് പ്രസാദിൻ്റെ വെളിപ്പെടുത്തലിനെ പിന്തുണച്ച് മാത്യു കുഴൽനാടൻ എംഎൽഎ. മാത്യുവിൻ്റെ അഭിപ്രായം ചുവടെ.
100% ശരിയാണ്, ശരത് പ്രസാദ് എന്ന ഡിവൈഎഫ്ഐ നേതാവ് പറഞ്ഞ കാര്യം കാലങ്ങളായി സിപിഎമ്മിന് ഉണ്ടായ മാറ്റമാണ്. നിർഭാഗ്യവശാൽ ഇന്ന് സിപിഎമ്മിനെ ഭരിക്കുന്നതും നയിക്കുന്നതും ഈ ശ്രേണിയിലുള്ള നേതാക്കന്മാരും നേതൃത്വവും ആണ് എന്നുള്ളതുകൊണ്ട് ശരത് പ്രസാദിന്റെ വാക്കുകൾ ഒറ്റപ്പെടുകയും അദ്ദേഹം വേട്ടയാടപ്പെടുകയും ചെയ്യും.
ഈ ഒരു സത്യം വിളിച്ചു പറഞ്ഞതിന് ഇനി ശരത് പ്രസാദിനെ വ്യക്തിപരമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുന്നതും വേട്ടയാടുന്നതും നമുക്ക് കാണാം.
ആരൊക്കെ ഇത്തരം അഴിമതിക്കും സാമ്പത്തിക കൂട്ടുകെട്ടുകൾക്കും എതിരെ വിരൽ ചൂണ്ടുന്നോ അവരെയെല്ലാം വേട്ടയാടുക എന്നതാണ് കാലങ്ങളായി സിപിഎം അനുവർത്തിച്ചു വരുന്ന നയം.
ഞാൻ പുറത്തുനിന്ന് മനസ്സിലാക്കിയതിലും എത്രയോ മടങ്ങ് കൂടുതൽ അകത്തുനിന്ന് കൃത്യതയും വ്യക്തതയോടും കൂടി ഒരു ഡിവൈഎഫ്ഐ നേതാവിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാവും.
അറിഞ്ഞോ അറിയാതെയോ പുറത്തുവന്ന ഈ വാക്കുകൾ ഓരോ സാധാരണ കമ്മ്യൂണിസ്റ്റുകാരനെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. ഈ നേതാക്കന്മാർക്കും പ്രസ്ഥാനത്തിനും വേണ്ടിയാണ് നിങ്ങൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്നതും, തെരുവിൽ കലാപം ഉണ്ടാക്കുന്നതും, ആയുധങ്ങൾ എടുത്ത് പാർട്ടിയുടെയും പ്രസ്ഥാനത്തിന്റെയും എതിരാളികൾ എന്നവർ മുദ്രകുത്തുന്ന വരെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും വക വരുത്തുകയും ചെയ്യുന്നത്.
പക്ഷേ കഴിഞ്ഞ നാളുകളിൽ ഞാൻ മനസ്സിലാക്കിയ കാര്യം.. ശരത് പ്രസാദ് പറഞ്ഞ ഈ കാര്യം.. വലിയ ഒരു അളവ് വരെ സാധാരണ കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കും മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് സിപിഎമ്മിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുപക്ഷ ഭരണത്തിനെതിരെ നിലനിൽക്കുന്ന വികാരത്തിന്റെ വലിയ ഒരു പങ്ക് സംഭാവന ചെയ്തത് ഇടതുപക്ഷ ചിന്താഗതി ഉള്ളവരോ, ഇടതുപക്ഷത്തിന്റെ പ്രവർത്തകരോ, നേതാക്കന്മാരോ ആയിരുന്നവർ തന്നെയാണ്.
ഇനിയും ഒരുപാട് ഒരുപാട് അഴിമതിയുടെ കഥകൾ പുറത്തു വരാനുണ്ട്.. അത് വരുന്നതിനായി നമുക്ക് കാത്തിരിക്കാം..
സത്യത്തിന്റെ മുഖം വികൃതമാണ്, പക്ഷേ അതിനെ ഒരുപാട് കാലം മറക്കാൻ നിങ്ങൾക്ക് കഴിയില്ല...
Mathew Kuzhalnadan supports Sarath Prasad